പേടിക്കേണ്ട!

പള്ളിമുറ്റത്ത് പൊന്നുമോനും കൂട്ടുകാരും പന്ത് കളിക്കുന്നതിനിടയിൽ അടുത്തുള്ള പാരീഷ് ഹാളിന്റെ ഭിത്തിയിലുണ്ടായിരുന്ന ട്യൂബ് ഒരെണ്ണം പൊട്ടിപ്പോയി. മറ്റാരും കണ്ടിട്ടില്ലെന്നും അറിഞ്ഞിട്ടില്ലെന്നും മനസിലാക്കിയ പൊന്നുമോനും കൂട്ടുകാരും കളി അവസാനിപ്പിച്ച് വേഗം സ്ഥലംവിട്ടു. കുറച്ച് സമയത്തിനുശേഷം ട്യൂബ് പൊട്ടിക്കിടക്കുന്നതു കണ്ടപ്പോൾ കപ്യാർ വികാരിയച്ചനെ വിവരം അറിയിച്ചു. അച്ചന് സങ്കടമായി. ട്യൂബ് പൊട്ടിച്ച കുട്ടികളാരും വികാരിയച്ചന്റെ അരികെ വന്ന് കാര്യം തുറന്നുപറഞ്ഞില്ലല്ലോ. ഇതിനുമുമ്പ് അബദ്ധം പറ്റിയ എല്ലാ കുട്ടികളും അച്ചനെ വിവരം ധരിപ്പിക്കാറുണ്ടായിരുന്നു. ഇപ്രാവശ്യം അതുണ്ടായില്ല. ട്യൂബ് പൊട്ടിച്ചവർ ആരാണെന്ന് അച്ചന് മനസിലായില്ല. അച്ചൻ അന്വേഷിച്ചുകൊണ്ടിരുന്നു.

അതിനിടയിൽ പൊന്നുമോൻ അപ്പനോടും അമ്മയോടും ട്യൂബ് പൊട്ടിച്ച കാര്യം തുറന്നു പറഞ്ഞിരുന്നു. ”അറിയാതെ പറ്റിയതാണ്. ഭയം തോന്നിയതുകൊണ്ടാണ് അച്ചനോട് പറയാതിരുന്നത്.” പൊന്നുമോന്റെ കണ്ണുകളിൽനിന്ന് കണ്ണുനീർ ഒഴുകിവീണു. അപ്പനെയും അമ്മയെയും കൂട്ടുകാരെപ്പോലെ സ്‌നേഹിക്കുന്ന പൊന്നുമോന് ട്യൂബ് പൊട്ടിച്ച കാര്യം പറയാൻ മടിയുണ്ടായില്ല.

”സാരമില്ല പൊന്നുമോനേ,” കളിക്കുമ്പോൾ അങ്ങനെയൊക്കെ സംഭവിക്കാം. എന്നാലും നിങ്ങൾ ശ്രദ്ധിക്കണം. മോൻ അച്ചനോട് ഇക്കാര്യം പറയേണ്ടതായിരുന്നു. വൈകിപ്പോയിട്ടില്ല, ഇനി ചെന്ന് പറഞ്ഞാലും മതി. ഇടവകയുടെ പൊതുസ്വത്തല്ലേ, ഒരു രൂപപോലും ഇടവകയുടെ നഷ്ടപ്പെടുത്താനോ നശിപ്പിക്കാനോ പാടില്ല. അങ്ങനെ ചെയ്താൽ നാം നഷ്ടപരിഹാരം നല്കണം. ഒരു ട്യൂബിന്റെ വില കവറിലിട്ട് പൊന്നുമോനെ ഏല്പിച്ചുകൊണ്ട് അപ്പൻ പറഞ്ഞു: ‘മോൻ അച്ചന്റെ അടുത്ത് ചെന്ന് ട്യൂബ് പൊട്ടിച്ച കാര്യം തുറന്നു പറയണം. ഈ പണവും അച്ചനെ ഏല്പിക്കണം. പൊന്നുമോൻ ചെന്ന് ഈ വിവരങ്ങൾ പറയുമ്പോൾ വികാരിയച്ചന് സന്തോഷമാകും, മോൻ പേടിക്കേണ്ട.’

പൊന്നുമോൻ വികാരിയച്ചന്റെ അടുത്തുചെന്ന് കാര്യങ്ങൾ തുറന്നു പറഞ്ഞു. പണവും അച്ചനെ ഏല്പിച്ചു. അച്ചൻ പൊന്നുമോനെ ചേർത്തുപിടിച്ചു. അപ്പനോടും അമ്മയോടും വികാരിയച്ചനോടും സത്യം തുറന്നു പറഞ്ഞ പൊന്നുമോനെ അദ്ദേഹം തലയിൽ കൈവച്ച് അനുഗ്രഹിച്ചു. അദ്ദേഹം രണ്ടു മിഠായിയും അവന് കൊടുത്തു. പണം വച്ചരുന്ന കവർ അവന്റെ കീശയിൽ വച്ചുകൊടുത്തുകൊണ്ട് അച്ചൻ പറഞ്ഞു:

”നല്ല കുട്ടികൾക്കേ സത്യസന്ധത പാലിക്കാൻ കഴിയൂ. മാത്രമല്ല സത്യസന്ധത പാലിക്കാൻ ശക്തിയും ധൈര്യവും വേണം. പൊന്നുമോൻ ശക്തിയും ധൈര്യവും കാണിച്ചിരിക്കുന്നു. കർത്താവ് മോനെ അനുഗ്രഹിക്കട്ടെ.”

പൊന്നുമോന്റെ മനസ് സന്തോഷംകൊണ്ട് നിറഞ്ഞു. അച്ചന് സ്തുതി കൊടുത്തുകൊണ്ട് അവൻ വീട്ടിലേക്ക് തിരിച്ചുപോയി.