ഞാന്‍ കണ്ട മാലാഖ!

ഉച്ചഭക്ഷണം കഴിക്കാനായി ക്ലാസുമുറിയിൽനിന്ന് വരാന്തയിലേക്ക് ഇറങ്ങിയപ്പോഴാണ് റോസ ആ കാഴ്ച കണ്ടത്. തന്റെ ക്ലാസിലുള്ള മരിയ ഒറ്റയ്ക്ക് സ്‌കൂൾ ഗ്രൗണ്ടിന്റെ അറ്റത്ത് ഒരു മരച്ചുവട്ടിൽ ചെന്നിരിക്കുന്നു. പല ദിവസവും റോസ ഇത് ശ്രദ്ധിച്ചു. മണി അടിക്കുമ്പോഴാണ് മരിയ തിരിച്ചുവരുന്നത്. എല്ലാവരും ക്ലാസിൽ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ അവൾ ക്ലാസിൽ ഇല്ല. പലരോടും കാരണം തിരക്കിയപ്പോഴാണ് അവൾക്ക് മനസിലായത്. ഒരു നേരംപോലും ഭക്ഷണം കഴിക്കാൻ ഗതിയില്ലാത്ത കുടുംബത്തിൽനിന്നാണ് മരിയ വരുന്നതെന്ന്.

തന്റെ ഭക്ഷണത്തിന്റെ ഒരു പങ്ക് അവൾക്കുകൂടി അവകാശപ്പെട്ടതാണ് എന്ന് റോസ ചിന്തിച്ചു. അമ്മയോട് പറഞ്ഞ് ഒരു പൊതിച്ചോറുകൂടി അവൾ കൊണ്ടുവന്നു. എന്നാൽ ഇത് മരിയ അറിയരുതെന്ന് അവൾക്ക് നിർബന്ധമുണ്ടായിരുന്നു. കാരണം ഈശോ പറഞ്ഞിട്ടുണ്ടല്ലോ, വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയാതിരിക്കട്ടെ. രഹസ്യങ്ങൾ അറിയുന്ന പിതാവ് നിങ്ങൾക്ക് പ്രതിഫലം നല്കുമെന്ന്. ക്ലാസ് മുറിയിൽ ആരുമില്ലാത്ത തക്കം നോക്കി ദിവസവും ഒരു പൊതിച്ചോറ് മരിയയുടെ സീറ്റിൽ കൊണ്ടുവന്നു വയ്ക്കും. ക്ലാസിലേക്ക് തിരിച്ചുവരുന്ന മരിയ ഇത് മറ്റാരുടെയുമല്ല എന്ന് ഉറപ്പുവരുത്തിയശേഷം ഭക്ഷിച്ച് തൃപ്തിയടയും. ദിവസവും ഇത് തുടർന്നപ്പോൾ മരിയയ്‌ക്കൊരു ആഗ്രഹം: തന്റെ വിശപ്പറിഞ്ഞ് ആരാണ് തന്നെ സഹായിക്കുന്നതെന്നറിയണം. ഒരു ദിവസം ഒളിഞ്ഞിരുന്ന് അവൾ ശ്രദ്ധിച്ചു. മരിയയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. തന്റെ കൂട്ടുകാരി റോസ ആരുമില്ലാത്ത സമയം നോക്കി ഒരു പൊതിച്ചോറ് അവളുടെ സീറ്റിൽ കൊണ്ടുവന്ന് വച്ചശേഷം കൂട്ടുകാരുമായി കളിക്കുന്നു. ഇതു കണ്ടുനിന്ന മരിയ പ്രാർത്ഥിച്ചു, എന്റെ ഈശോയേ നന്ദി, ഹൃദയം നിറഞ്ഞ നന്ദി.

അവൾ റോസയുടെ അടുത്തുചെന്ന് അവളുടെ കരങ്ങളിൽ പിടിച്ചുകൊണ്ട് പറഞ്ഞു: ”എനിക്ക് പൊതിച്ചോറുമായി വന്ന മാലാഖയെ ഞാനിന്ന് കണ്ടു. എന്റെ കൺനിറയെ കണ്ടു.” ഇത്രയും പറഞ്ഞപ്പോഴേക്കും ഇരുവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി. അവർ പരസ്പരം കെട്ടിപ്പിടിച്ച് സർവശക്തനായ ദൈവത്തിന് നന്ദി പറഞ്ഞു.